2011, മേയ് 18, ബുധനാഴ്‌ച

ഓര്‍മ്മയിലൊരു വാലന്‍ന്റെയ്ന്‍സ് day


 ഇന്ന് വാലന്‍ന്റെയ്ന്‍സ് day. ഹൃദയത്തില്‍ ഒതുക്കിവെച്ചിരിക്കുന്ന സ്വപ്നങ്ങളെ കുറിച്ചും ആ സ്വപ്നത്തിന്റെ ആര്‍ദ്രതയില്‍ വിടരുന്ന പൂക്കളെ കുറിച്ചും തന്റെ പ്രണയിനിയുടെ കാതുകളില്‍ എത്തിക്കാന്‍ കിട്ടുന്ന സുവര്‍ണ്ണാവസരം. ഹൃദയത്തില്‍ ഒരു പുതിയ സംഗീതവുമായാണ് പുലരിയെ ഞാന്‍ വരവേറ്റത്. പ്രഭാതത്തിന്റെ കുളിര്‍മ്മ മനസ്സിനെ ബാധിച്ചിരുന്നില്ല, മനസ്സില്‍ ഒരു നിലവിളക്ക്പോലെ അവള്‍ കത്തിനില്‍ക്കുന്നു. അവളുടെ കണ്ണുകള്‍ക്ക് ഉരുകിയില്ലാതാകുന്ന മെഴുകുതിരിയുടെ തിളക്കം. അവളുടെ ഹൃദയം വിശുദ്ധ വസ്ത്രമണിയാനിരിക്കുന്ന കന്യകയേപോലെ. നെറ്റിയില്‍ ചന്ദനകുറിയില്ല, പക്ഷെ ആ മുഖം സൂര്യകിരണങ്ങളേറ്റ് തിളങ്ങുന്ന മഞ്ഞുതുള്ളിപോലെ. അവളുടെ ഓരോ പുഞ്ചിരിയും ഹൃദയത്തില്‍ വിടരുന്ന ഓരോ പൂക്കളായിരുന്നു.

              ജീവിതത്തിലെ ഏതോ ഒരു വഴിയമ്പലത്തില്‍വെച്ചാണ് ഞാനവളെ ആദ്യമായ് കണ്ടത്. അന്നുമുതല്‍ മനസ്സിന്റെ ഉള്ളറകളില്‍ അവള്‍ക്കായ് ഒരുപാട് സ്നേഹം കരുതിവെച്ചു. ജീവിതയാത്രയില്‍ എന്നോടോപ്പമവള്‍ ഉണ്ടാകണമെന്ന് വെറുതെ മോഹിച്ചു. വരുണ്ടണങ്ങിയ ആത്മാവിലൊരു കുളിര്‍മഴ പെയ്തിറങ്ങും പോലെയാണ് അവളെ കുറിച്ചോര്‍ക്കുമ്പോള്‍. മഴയ്ക്കുള്ളിലെവിടെയോ അവളുണ്ട്. നിറഞ്ഞൊഴുകുന്ന മഴയില്‍ അവളുടെ സൌന്ദര്യമുണ്ട്. തുള്ളി തുള്ളിയായ് വീഴുന്ന മഴയുടെ ശബ്ദം, അതവളുടെ സംഗീതമാണ്. 

              എപ്പോഴാണ് എന്റെ സ്വപ്നങ്ങളുടെ ജാലകപ്പുറത്തൊരഥിതിയായ് അവള്‍ എത്താന്‍ തുടങ്ങിയത്? എനിക്കറിയില്ല. പക്ഷെ, രാത്രിയുടെ നിശബ്ദതയില്‍ വിരിയുന്ന പൂക്കളെ പോലെ അവളോടുള്ള എന്റെ സ്നേഹവും വിടരുകയായിരുന്നു. സ്വപ്നങ്ങളുടെ ഏഴിലം പാലയില്‍ ഹൃദയം ചേക്കേറുമ്പോള്‍, മൌനമായ് വിരിയുന്ന പൂവിന്റെ സുഗന്ധം ആസ്വദിക്കുമ്പോള്‍ മനസ്സിലിരുന്ന് ആരോ മന്ത്രിക്കുന്നുണ്ടായിരുന്നു ഞാന്‍ അവളെ സ്നേഹിക്കുകയാണെന്ന്. അതെ, മിന്നിതിളങ്ങുന്ന നക്ഷത്രങ്ങളും അതിന്റെ ശോഭയില്‍ പ്രകാശിക്കുന്ന രാത്രിയുമറിയാതെ ഞാനവളെ സ്നേഹിക്കുന്നു. പെയ്തിറങ്ങുന്ന നിലാവിന്റെ പിന്നിലവള്‍ ഒളിച്ചിരിക്കുന്നു, എന്നിട്ടും അവളുടെ നിഴല്‍ എനിക്കു മുന്‍പില്‍ നൃത്തവെച്ചു. ഏകാന്തതയുടെ തടവറയില്‍ കഴിയുമ്പോളൊരു നിശാഗന്ധിയായ് അവളെന്നില്‍ വിടര്‍ന്നു. അവളുടെ നിശബ്ദസംഗീതത്തിനായ് ഹൃദയം കാതോര്‍ത്തിരുന്നു. യാത്രയിലെവിടെവെച്ചോ നഷ്ടപ്പെട്ടുപോയൊരു മഞ്ഞുതുള്ളിയുടെ തലോടല്‍പോലെ ഒരു കുളിര്‍ക്കാറ്റെന്നെ തഴുകികടന്നു പോയി. അതവളുടെ വാത്സല്യപൂര്‍ണ്ണമായ തലോടലാകുമോ? അറിയില്ല. സ്വപ്നങ്ങളുടെ ഏഴിലം പാലയില്‍ ഹൃദയം ചേക്കേറുമ്പോഴും മനസ്സില്‍ ഒരു ചോദ്യം മാത്രം ബാക്കി. എങ്ങിനെ ഞാനെന്‍ സ്വപ്നങ്ങളെ കുറിച്ച് അവളോട് പറയും. ഒരായിരം പക്ഷികളുടെ ചിറകടി ശബ്ദത്തോടെ, ഇടിഞ്ഞുവീഴുന്ന മലകളുടെ മുഴക്കത്തോടെ ആ ചോദ്യം വീണ്ടും വീണ്ടും മനസ്സില്‍ മുഴങ്ങിനിന്നു. ഹൃദയവീതികള്‍ക്കപ്പുറം ആ പ്രതിധ്വനി പ്രകമ്പനംകൊണ്ടു.

             മഴവില്ല് കൊണ്ട് ചിത്രങ്ങള്‍ വരച്ച ഇടവഴിയിലൂടെ ഞാന്‍ നടന്നു. എനിക്കുമുന്‍പില്‍ വിരിഞ്ഞുനിര്‍ക്കുന്ന പൂക്കളാല്‍ നെയ്തെടുത്തൊരു വസന്തം. മനസ്സില്‍ നേര്‍ത്ത നിലാവില്‍ വിടരുന്ന അവളുടെ മുഖവും. കൈയില്‍ വസന്തത്തിന്റെ പൂന്തോട്ടത്തില്‍ നിന്നും പിഴുതെടുത്തൊരു പനിനീര്‍പൂവും. ഹൃദയത്തിലെ മോഹങ്ങളും സ്വപ്നങ്ങളും ആവാഹിക്കുന്നതിനുവേണ്ടി ഞാനാപൂവിനെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചിരുന്നു. വീതികുറഞ്ഞ ഇടനാഴികയില്‍ അവളുടെ പാദസരത്തിന്‍ കിലുക്കത്തിനായ് ഞാന്‍ കാതോര്‍ത്തിരുന്നു. ഒടുവില്‍, മഴയില്‍ കുതിര്‍ന്നു നിര്‍ക്കുന്നൊരു സൂര്യകാന്തിപോലെ അവളെന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. അവളുടെ കാലൊച്ചകള്‍ തംബുരുവില്‍ നിന്നും വരുന്ന സ്വരങ്ങള്‍പോലെ. അധരങ്ങളില്‍ ഒരു പൂവിന്റെ മന്ദഹാസം നിറഞ്ഞിരുന്നു. എന്റെ ഹൃദയം സംഘര്‍ഷങ്ങള്‍ നിറഞ്ഞൊരു മരുഭൂമിപോലെ, പക്ഷെ അവളേകിയ പുഞ്ചിരി ഹൃദയത്തില്‍ വീണ്ടും പ്രതീക്ഷകള്‍ നിറച്ചു. വിറയാര്‍ന്ന കൈകള്‍ അവള്‍ക്ക്നേരെ നീട്ടി ഞാന്‍ പറഞ്ഞു. പൊഴിഞ്ഞു വീഴുന്ന ആലിലകള്‍പോലെയായിരുന്നു എന്റെ വാക്കുകള്‍ “ ഇത് എന്റെ പ്രണയിനിക്ക് വേണ്ടി എന്റെ ഹൃദയത്തില്‍ വിരിഞ്ഞ ആദ്യപൂവ്, ഇതില്‍ ഞാനെന്റെ സ്വപ്നങ്ങള്‍ നിറച്ചിരിക്കുന്നു, ഇതിന്റെ ഇതളുകള്‍ വാടി കൊഴിഞ്ഞുപോകുമെങ്കിലും നിന്നോടുള്ള സ്നേഹം ഒരു വസന്തംപോലെ എന്നില്‍ നിറഞ്ഞുനില്‍ക്കും.ഒരികലും അവസാനിക്കാത്തൊരു വസന്തപോലെ.

                 പക്ഷെ, അവളുടെ മൃദുവാര്‍ന്ന കൈകള്‍ എന്റെ നേരെ നീട്ടിയില്ല. ഞാന്‍ നീട്ടിയ പനിനീര്‍പ്പൂവിനെയൊന്നു തലോടുകപോലും ചെയ്യാതെ അവള്‍ എന്നില്‍നിന്നും അകന്നുപോയി. ഒരിക്കലും കാണാത്ത വിധം...ഒരിക്കലും...... ഒട്ടും പ്രതീക്ഷികാതെന്നപോലെ ഹൃദയത്തിലൂടൊരു മിന്നല്‍ കടന്നുപോയി. വെളിച്ചമായ് വന്ന് ഇരുട്ടായവള്‍ മാഞ്ഞുപോയി. എനിക്ക് മുന്‍പില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂക്കളില്ല, പെയ്തിറങ്ങുന്ന വസന്തമില്ല, തെളിഞ്ഞുനില്‍ക്കുന്ന നിറദീപങ്ങളില്ല, കണ്ണുകളെ ഇരുട്ടിന്റെ കൈകള്‍ മൂടികഴിഞ്ഞിരിക്കുന്നു.കൈയ്യിലെ പനിനീര്‍പൂവിനെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് നിറങ്ങളില്ലാത്ത ലോകത്തോക്ക് വീണ്ടും ഞാന്‍ യാത്രയായ്.

1 അഭിപ്രായം: