2011, ജൂൺ 29, ബുധനാഴ്‌ച

Memories never die....

                                                              31-8-2003

                                  മറവിയുടെ താഴ്വരയിൽ നിന്നുമൊരു പിറന്നാൾ ദിനം കൂടി. ദിവസങ്ങളെ വെറുക്കാൻ പഠിച്ച ഞാൻ ഈ ദിവസത്തിന്റെ പ്രത്യേകതയേ കുറിച്ച് ഓർമ്മിച്ചതേയില്ല. ആവർത്തന വിരസമായ പകലുകളേയും രാത്രികളേയും ഞാൻ എന്നേ വെറുത്തുകഴിഞ്ഞിരിക്കുന്നു.

                                 അവളുടെ പിറന്നാൾ സമ്മാനം കിട്ടിയിപ്പോഴാണ് ഒരു പാപി ഭൂമിയിൽ ജനിച്ചിട്ട് ഇന്നേക്ക്  18 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നുവെന്ന് മനസ്സിലായത്. ഓർമ്മകളുടെ ഉള്ളറകളിൽ സൂക്ഷിക്കാൻ, 18 വർഷങ്ങൾക്ക് ശേഷം എനിക്കാദ്യമായ് കിട്ടിയ പിറന്നാൾ സമ്മാനം. എന്റെ ദിനങ്ങളെ നിന്റെ ഓർമ്മകളിൽ സൂക്ഷിച്ചതിനു പകരമായ് ഞാൻ എന്താണ് നിനക്ക് നൽകേണ്ടത്.

                               ഞാനൊരു വസന്തമായിരുന്നെങ്കിൽ എന്നിലെ വിരിഞ്ഞുനിൽക്കുന്ന പൂക്കളെ നൽകിയേനെ. ഞാനൊരു  കാറ്റായിരുന്നെങ്കിൽ ആടിയുലയുന്ന നിന്റെ മുടിയിഴകളിൽ സ്നേഹത്തിന്റെ വിരലുകൾ കൊണ്ട് തലോടുമായിരുന്നു. ഞാനൊരു  മഞ്ഞുതുള്ളിയായിരുന്നെങ്കിൽ പുലർകാല സൂര്യന്റെ രശ്മിയാൽ നിന്റെ മേനിയിൽ മഴവില്ല് തീർക്കുമായിരുന്നു. പക്ഷെ ഇന്നുഞാൻ വെറുമൊരു മനുഷ്യൻ മാത്രമാണ്, ദാനമായ് കിട്ടിയ ശരീരവുമായി അലഞ്ഞുനടക്കുന്ന വെറുമൊരു മനുഷ്യൻ.

2011, മേയ് 18, ബുധനാഴ്‌ച

ഓര്‍മ്മയിലൊരു വാലന്‍ന്റെയ്ന്‍സ് day


 ഇന്ന് വാലന്‍ന്റെയ്ന്‍സ് day. ഹൃദയത്തില്‍ ഒതുക്കിവെച്ചിരിക്കുന്ന സ്വപ്നങ്ങളെ കുറിച്ചും ആ സ്വപ്നത്തിന്റെ ആര്‍ദ്രതയില്‍ വിടരുന്ന പൂക്കളെ കുറിച്ചും തന്റെ പ്രണയിനിയുടെ കാതുകളില്‍ എത്തിക്കാന്‍ കിട്ടുന്ന സുവര്‍ണ്ണാവസരം. ഹൃദയത്തില്‍ ഒരു പുതിയ സംഗീതവുമായാണ് പുലരിയെ ഞാന്‍ വരവേറ്റത്. പ്രഭാതത്തിന്റെ കുളിര്‍മ്മ മനസ്സിനെ ബാധിച്ചിരുന്നില്ല, മനസ്സില്‍ ഒരു നിലവിളക്ക്പോലെ അവള്‍ കത്തിനില്‍ക്കുന്നു. അവളുടെ കണ്ണുകള്‍ക്ക് ഉരുകിയില്ലാതാകുന്ന മെഴുകുതിരിയുടെ തിളക്കം. അവളുടെ ഹൃദയം വിശുദ്ധ വസ്ത്രമണിയാനിരിക്കുന്ന കന്യകയേപോലെ. നെറ്റിയില്‍ ചന്ദനകുറിയില്ല, പക്ഷെ ആ മുഖം സൂര്യകിരണങ്ങളേറ്റ് തിളങ്ങുന്ന മഞ്ഞുതുള്ളിപോലെ. അവളുടെ ഓരോ പുഞ്ചിരിയും ഹൃദയത്തില്‍ വിടരുന്ന ഓരോ പൂക്കളായിരുന്നു.

              ജീവിതത്തിലെ ഏതോ ഒരു വഴിയമ്പലത്തില്‍വെച്ചാണ് ഞാനവളെ ആദ്യമായ് കണ്ടത്. അന്നുമുതല്‍ മനസ്സിന്റെ ഉള്ളറകളില്‍ അവള്‍ക്കായ് ഒരുപാട് സ്നേഹം കരുതിവെച്ചു. ജീവിതയാത്രയില്‍ എന്നോടോപ്പമവള്‍ ഉണ്ടാകണമെന്ന് വെറുതെ മോഹിച്ചു. വരുണ്ടണങ്ങിയ ആത്മാവിലൊരു കുളിര്‍മഴ പെയ്തിറങ്ങും പോലെയാണ് അവളെ കുറിച്ചോര്‍ക്കുമ്പോള്‍. മഴയ്ക്കുള്ളിലെവിടെയോ അവളുണ്ട്. നിറഞ്ഞൊഴുകുന്ന മഴയില്‍ അവളുടെ സൌന്ദര്യമുണ്ട്. തുള്ളി തുള്ളിയായ് വീഴുന്ന മഴയുടെ ശബ്ദം, അതവളുടെ സംഗീതമാണ്. 

              എപ്പോഴാണ് എന്റെ സ്വപ്നങ്ങളുടെ ജാലകപ്പുറത്തൊരഥിതിയായ് അവള്‍ എത്താന്‍ തുടങ്ങിയത്? എനിക്കറിയില്ല. പക്ഷെ, രാത്രിയുടെ നിശബ്ദതയില്‍ വിരിയുന്ന പൂക്കളെ പോലെ അവളോടുള്ള എന്റെ സ്നേഹവും വിടരുകയായിരുന്നു. സ്വപ്നങ്ങളുടെ ഏഴിലം പാലയില്‍ ഹൃദയം ചേക്കേറുമ്പോള്‍, മൌനമായ് വിരിയുന്ന പൂവിന്റെ സുഗന്ധം ആസ്വദിക്കുമ്പോള്‍ മനസ്സിലിരുന്ന് ആരോ മന്ത്രിക്കുന്നുണ്ടായിരുന്നു ഞാന്‍ അവളെ സ്നേഹിക്കുകയാണെന്ന്. അതെ, മിന്നിതിളങ്ങുന്ന നക്ഷത്രങ്ങളും അതിന്റെ ശോഭയില്‍ പ്രകാശിക്കുന്ന രാത്രിയുമറിയാതെ ഞാനവളെ സ്നേഹിക്കുന്നു. പെയ്തിറങ്ങുന്ന നിലാവിന്റെ പിന്നിലവള്‍ ഒളിച്ചിരിക്കുന്നു, എന്നിട്ടും അവളുടെ നിഴല്‍ എനിക്കു മുന്‍പില്‍ നൃത്തവെച്ചു. ഏകാന്തതയുടെ തടവറയില്‍ കഴിയുമ്പോളൊരു നിശാഗന്ധിയായ് അവളെന്നില്‍ വിടര്‍ന്നു. അവളുടെ നിശബ്ദസംഗീതത്തിനായ് ഹൃദയം കാതോര്‍ത്തിരുന്നു. യാത്രയിലെവിടെവെച്ചോ നഷ്ടപ്പെട്ടുപോയൊരു മഞ്ഞുതുള്ളിയുടെ തലോടല്‍പോലെ ഒരു കുളിര്‍ക്കാറ്റെന്നെ തഴുകികടന്നു പോയി. അതവളുടെ വാത്സല്യപൂര്‍ണ്ണമായ തലോടലാകുമോ? അറിയില്ല. സ്വപ്നങ്ങളുടെ ഏഴിലം പാലയില്‍ ഹൃദയം ചേക്കേറുമ്പോഴും മനസ്സില്‍ ഒരു ചോദ്യം മാത്രം ബാക്കി. എങ്ങിനെ ഞാനെന്‍ സ്വപ്നങ്ങളെ കുറിച്ച് അവളോട് പറയും. ഒരായിരം പക്ഷികളുടെ ചിറകടി ശബ്ദത്തോടെ, ഇടിഞ്ഞുവീഴുന്ന മലകളുടെ മുഴക്കത്തോടെ ആ ചോദ്യം വീണ്ടും വീണ്ടും മനസ്സില്‍ മുഴങ്ങിനിന്നു. ഹൃദയവീതികള്‍ക്കപ്പുറം ആ പ്രതിധ്വനി പ്രകമ്പനംകൊണ്ടു.

             മഴവില്ല് കൊണ്ട് ചിത്രങ്ങള്‍ വരച്ച ഇടവഴിയിലൂടെ ഞാന്‍ നടന്നു. എനിക്കുമുന്‍പില്‍ വിരിഞ്ഞുനിര്‍ക്കുന്ന പൂക്കളാല്‍ നെയ്തെടുത്തൊരു വസന്തം. മനസ്സില്‍ നേര്‍ത്ത നിലാവില്‍ വിടരുന്ന അവളുടെ മുഖവും. കൈയില്‍ വസന്തത്തിന്റെ പൂന്തോട്ടത്തില്‍ നിന്നും പിഴുതെടുത്തൊരു പനിനീര്‍പൂവും. ഹൃദയത്തിലെ മോഹങ്ങളും സ്വപ്നങ്ങളും ആവാഹിക്കുന്നതിനുവേണ്ടി ഞാനാപൂവിനെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചിരുന്നു. വീതികുറഞ്ഞ ഇടനാഴികയില്‍ അവളുടെ പാദസരത്തിന്‍ കിലുക്കത്തിനായ് ഞാന്‍ കാതോര്‍ത്തിരുന്നു. ഒടുവില്‍, മഴയില്‍ കുതിര്‍ന്നു നിര്‍ക്കുന്നൊരു സൂര്യകാന്തിപോലെ അവളെന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. അവളുടെ കാലൊച്ചകള്‍ തംബുരുവില്‍ നിന്നും വരുന്ന സ്വരങ്ങള്‍പോലെ. അധരങ്ങളില്‍ ഒരു പൂവിന്റെ മന്ദഹാസം നിറഞ്ഞിരുന്നു. എന്റെ ഹൃദയം സംഘര്‍ഷങ്ങള്‍ നിറഞ്ഞൊരു മരുഭൂമിപോലെ, പക്ഷെ അവളേകിയ പുഞ്ചിരി ഹൃദയത്തില്‍ വീണ്ടും പ്രതീക്ഷകള്‍ നിറച്ചു. വിറയാര്‍ന്ന കൈകള്‍ അവള്‍ക്ക്നേരെ നീട്ടി ഞാന്‍ പറഞ്ഞു. പൊഴിഞ്ഞു വീഴുന്ന ആലിലകള്‍പോലെയായിരുന്നു എന്റെ വാക്കുകള്‍ “ ഇത് എന്റെ പ്രണയിനിക്ക് വേണ്ടി എന്റെ ഹൃദയത്തില്‍ വിരിഞ്ഞ ആദ്യപൂവ്, ഇതില്‍ ഞാനെന്റെ സ്വപ്നങ്ങള്‍ നിറച്ചിരിക്കുന്നു, ഇതിന്റെ ഇതളുകള്‍ വാടി കൊഴിഞ്ഞുപോകുമെങ്കിലും നിന്നോടുള്ള സ്നേഹം ഒരു വസന്തംപോലെ എന്നില്‍ നിറഞ്ഞുനില്‍ക്കും.ഒരികലും അവസാനിക്കാത്തൊരു വസന്തപോലെ.

                 പക്ഷെ, അവളുടെ മൃദുവാര്‍ന്ന കൈകള്‍ എന്റെ നേരെ നീട്ടിയില്ല. ഞാന്‍ നീട്ടിയ പനിനീര്‍പ്പൂവിനെയൊന്നു തലോടുകപോലും ചെയ്യാതെ അവള്‍ എന്നില്‍നിന്നും അകന്നുപോയി. ഒരിക്കലും കാണാത്ത വിധം...ഒരിക്കലും...... ഒട്ടും പ്രതീക്ഷികാതെന്നപോലെ ഹൃദയത്തിലൂടൊരു മിന്നല്‍ കടന്നുപോയി. വെളിച്ചമായ് വന്ന് ഇരുട്ടായവള്‍ മാഞ്ഞുപോയി. എനിക്ക് മുന്‍പില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂക്കളില്ല, പെയ്തിറങ്ങുന്ന വസന്തമില്ല, തെളിഞ്ഞുനില്‍ക്കുന്ന നിറദീപങ്ങളില്ല, കണ്ണുകളെ ഇരുട്ടിന്റെ കൈകള്‍ മൂടികഴിഞ്ഞിരിക്കുന്നു.കൈയ്യിലെ പനിനീര്‍പൂവിനെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് നിറങ്ങളില്ലാത്ത ലോകത്തോക്ക് വീണ്ടും ഞാന്‍ യാത്രയായ്.

2011, ഏപ്രിൽ 23, ശനിയാഴ്‌ച

എന്റെ ബാല്യം...

ഇന്നലെ നീയാണ് എന്റെ ബാല്യത്തേ കുറിച്ച് ചോദിച്ചത്,
ഉടഞ്ഞുപോയ കുപ്പിവളകള്‍പോലെ ചിതറിപോയ എന്റെ ബാല്യത്തേകുറിച്ച്.
ചിതറിതെറിച്ച വളപ്പൊട്ടുകള്‍ നിനക്ക് വേണ്ടി ഞാന്‍ കൂട്ടിചേര്‍ക്കാം,
അതിന്റെ മുനകൂര്‍ത്ത ചീളുകള്‍ എന്റെ ആത്മാവിനെ മുറിപ്പെടുത്തുമെങ്കിലും.
ബലിഷ്ടമായഏതോ കൈകളില്‍ മുറുകെ പിടിച്ച്,
പാടവരമ്പത്തുകൂടെ നീ നടന്നു നീങ്ങുന്നത് നിറകണ്ണുകളോടെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്.
കിട്ടാതെ പോയ സ്നേഹത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ബാല്യം,
ഇരുട്ടില്‍ തനിച്ചാക്കപ്പെട്ടവന്റെ നിസ്സഹായത.
പിന്നീടെപ്പോഴോ, ഹൃദയത്തിന്റെ മുന്‍പില്‍ ഒരു കറുത്ത ശീലയിട്ട് ഞാനാ ഇരുട്ടിന്റെ ഭാഗമായ്,
സുരക്ഷിതത്തിന്റെ ആവരണം ഞാന്‍ അപ്പോഴും കണ്ടെത്തിയതും ആ ഇരുട്ടില്‍ തന്നെയായിരുന്നു.
വിഭ്യാന്തിയുടെ ഏതോ ഒരു നിമിഷത്തില്‍,
കലങ്ങിമറിഞ്ഞ തലച്ചോറിന്റെ ഓര്‍മ്മകളില്‍,
എനിക്ക് നഷ്ടപ്പെട്ടുപോയ എന്റെ വാത്സ്യല്യം.
അടുക്കള ചുമരിലെ കരിപിടിച്ച മൂലയില്‍ ഒറ്റക്കിരിന്നു പിറുപിറുക്കുന്ന വാത്സ്യല്യത്തില്‍,
വര്‍ഷങ്ങളുടെ ഇടവേളയില്‍ കടല്‍ കടനെത്താറുള്ള കളിപ്പാട്ടങ്ങളില്‍,
എനിക്ക് നഷ്ടപ്പെട്ടുപോയത്,
നീ കൌതുകത്തോടെ കേട്ടിരിക്കുന്ന എന്റെ ബാല്യമായിരുന്നു.
ഇനി,
നിന്റെ മടിയില്‍ തലവെച്ച് ഞാനൊന്നു കിടക്കട്ടെ.
ആ മൃദുവാര്‍ന്ന കൈവിരലുകല്‍ എന്റെ മുടിയിഴയിലൂടെ സഞ്ചരിക്കട്ടെ.
എന്നിട്ട്, എനിക്ക് നീ ഒരു രാജാവിന്റെയും രാജകുമാരിയുടേയും കഥ പറഞ്ഞു തരിക.
സ്നേഹത്തിന്റെ
പുതിയ അര്‍ഥതലങ്ങള്‍ നിന്നിലൂടെ ഞാന്‍ പുനര്‍ജനിപ്പിക്കട്ടെ.

2011, ഏപ്രിൽ 11, തിങ്കളാഴ്‌ച

എന്റെ ആത്മഹത്യ കിറിപ്പ്.മരണം,
ഇരുട്ടിന്റെ പിന്നില്‍ മറഞ്ഞിരുനാക്രമിക്കുന്ന നിന്നെ,
എത്രയോനാളുകളായ് കാത്തിരിക്കുന്നു,
നിന്നെ പ്രണയച്ചിതിന്റെ പേരില്‍ എനിക്ക് നഷ്ടപ്പെട്ടുപോയ എന്റെ ബാല്യവും കൌമാരവും.
യൌവനം നിനക്കായ് കാത്തിരിക്കുന്നു,
വാര്‍ദ്ധക്യം എന്നെ കടിച്ചുകീറുന്നതിനുമുമ്പ് നീ എന്നെ കൊണ്ട്പോവുക
അല്ലെങ്കില്‍ ഞാന്‍ നിന്നെ തേടിവരും നിന്നിലലിഞ്ഞുചേരാന്‍.
ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ,
സ്വപ്നങ്ങളും ഓര്‍മ്മകളും ഇല്ലാതെ,
നിന്റെ കൈകളില്‍ ഞാനൊന്നു മയങ്ങട്ടെ.
മനസ്സില്‍ ദുഃഖത്തിന്റെ ഭാരവുമേറി,
ഹൃദയത്തില്‍ അപമാനത്തിന്റെ മുള്‍കിരീടം ചൂടി,
ദാനമായി കിട്ടിയ ഈ ശരീരവുമായി അലഞ്ഞുനടക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു ഈ ജീവിതം.
ഇന്നി നീ എന്ന വേദനയില്‍ ഞാന്‍ ലയിക്കട്ടെ.
പറയൂ,നാം തമ്മില്‍ ഏതു ജന്മത്തിലാണ് കണ്ടുമുട്ടിയത്?
കഴിഞ്ഞ ജന്മത്തിലെ എന്റെ ഇരുളടഞ്ഞ ഓര്‍മ്മകളിലൊ,
അതോ ഈ ജന്മത്തിലെ എന്‍ സ്വപ്നങ്ങളിലോ..
എന്നോ ഒരുനാള്‍ നാം തമ്മില്‍ കണ്ടുമുട്ടി, അന്നു നീ എന്നെ ചുംബിച്ചിരുന്നു,
ആ ചുംബനത്തിന്റെ വേദന എന്‍ ചുണ്ടില്‍നിന്നും മാറാതെ നില്‍ക്കുന്നു.
ഇന്നു ഞാന്‍ നിന്നെ പ്രതീക്ഷിക്കുന്നു,
ഇന്നു ഞാന്‍ നിന്നെ ചുംബിക്കാനാഗ്രഹിക്കുന്നു,
പക്ഷെ അന്നു നല്‍കിയ ചുംബനത്തിന്റെ വേദന ഇന്നു നീ തരാതിരിക്കുക.
ഇത് കാലത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല.
ഇത് കാലത്തോടുള്ള എന്റെ പ്രതികാരമാണ്.
കാലം അതിന്റെ കല്പടവില്‍ ഉപേക്ഷിച്ചുപോയ ഒരു കൊച്ചു നക്ഷത്രമായിരുന്നു ഞാന്‍.
അതിന്റെ തിളക്കം ആരും കണ്ടില്ല,
അവിടെ പാപത്തിന്റെ സൂര്യന്‍ ഉദിച്ചിരുന്നു.
അതിന് ആകാശത്ത് മിന്നിതിളങ്ങാന്‍ ആഗ്രഹമില്ല,
അതിനാല്‍ നീ എന്നെ നിന്റെ യാത്രയിലെ ഇരുളടഞ്ഞ വഴിയില്‍ ഉപോക്ഷിക്കുക,
ഞാന്‍ അവിടം പ്രകാശപൂര്‍ണ്ണമാക്കാം.
ഞാന്‍ എന്‍ യാത്ര തുടരുകയാണ്,
ഇത് ജീവിതത്തിലേക്കുള്ളതല്ല,
ആ വഴി എന്നേ അവസാനിച്ചിരിക്കുന്നു.
ഇത് മരണത്തിന്റെ കാല്പാടുകള്‍ തേടിയുള്ള യാത്രയാണ്.
മരണത്തിന്റെ കാലൊച്ച തേടിയുള്ള യാത്രയാണ്.
ഈ യാത്രയുടെ അന്ത്രം എന്റെയും.

2011, മാർച്ച് 1, ചൊവ്വാഴ്ച

എനിക്കു സ്വന്തം...


നിനക്കെന്റെ ഹൃദയത്തിലേക്കു സ്വാഗതം,
ചിരിയില്‍ വിരിഞ്ഞു നില്‍ക്കുന്നൊരു പനിനീര്‍ പൂവല്ലാതെ മറ്റൊന്നും നിനക്കവിടെ കാണുവാനാവില്ല,
ദുഖഃത്തിന്റെ മുള്ളുകള്‍കൊണ്ട് കീറിപ്പോയൊരു ദളം,
 
അപ്പോഴും എനിക്കു സ്വന്തം.

നിനക്കെന്റെ ജീവിതത്തിലേക്കു സ്വാഗതം,
ഇരുട്ടിന്റെ പിന്നില്‍ മറഞ്ഞിരിക്കുന്നൊരു മനുഷ്യനെയല്ലാത്തെ മറ്റൊന്നും നിനക്കവിടെ കാണുവാനാവില്ല,
പ്രകാശ രശ്മികള്‍ ഉപേക്ഷിച്ചുപോയ മനുഷ്യസത്വത്തെ,

അപ്പോഴും എനിക്കു സ്വന്തം.

നിനക്കെന്റെ ചിന്തകളിലേക്കു സ്വാഗതം,
ജീവനില്ലാത്ത കുറെ വാക്കുകളല്ലാതെ മറ്റൊന്നും,

നിനക്കവിടെ കാണുവാനാവില്ല,
ജീവന്‍ തുടിക്കുന്ന പുതുനാമ്പുകള്‍ എനിക്കു സ്വന്തം.

നിനക്കെന്റെ സ്വപ്നങ്ങളിലേക്കു സ്വാഗതം,

നഷ്ടപ്പെട്ടുപോയൊരു പാട്ടിന്റെ ശ്രുതിയല്ലതെ മറ്റൊന്നും,

നിനക്കവിടെ കാണുവാനാവില്ല,
കാണാതെ പോയൊരു പൂവിന്റെ മൃദുലത,

അപ്പോഴും എനിക്കു സ്വന്തം.

നിനക്കെന്റെ ഓര്‍മ്മകളിലേക്ക് സ്വാഗതം,
പൂക്കളാല്‍ നെയ്തെടുത്തൊരു വസന്തമല്ലതെ മറ്റൊന്നും,

നിനക്കവിടെ കാണുവാനാവില്ല,
വേനല്‍ ചൂടില്‍ ഞെട്ടറ്റുവീണ കുറെ ഓര്‍മ്മകള്‍,

അപ്പോഴും എനിക്കു സ്വന്തം,
എനിക്കു മാത്രം സ്വന്തം.

2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

പാപിയുടെ കുബസാരം..
ആരുനീ സുന്ദരി നിലാവിന്റെ ശോഭയില്‍,
 എന്‍ മുന്‍മ്പില്‍ നില്‍ക്കുമീ അപ്സര കന്യകേ,

നിന്‍ പുഞ്ചിരി എന്നില്‍ വിടരുന്ന പൂക്കളകുന്നു,

നിന്‍ കണ്ണുനീര്‍ എന്‍ ഹൃദയത്തില്‍ നിന്നുമുദിക്കുന്ന രക്തവും.

നിന്‍ അഴിച്ചിട്ട കാര്‍കൂന്തലില്‍ മയങ്ങുന്ന പൂവാകുന്നു ഞാന്‍,

നിന്‍ തുടിക്കുന്ന ഹൃദയത്തിന്‍ താളമാകുന്നു ഞാന്‍,

പക്ഷെ, നിന്നെ എനിക്കറിയില്ല നിന്‍ പേരിനിക്കറിയില്ല, 
നീ ഏതപ്സര കന്യക. 

രാത്രിയുടെ റാണിയായ് നിശാഗന്ധിയായ് നീ വിടര്‍ന്നതും.

നിന്‍ അദരങ്ങളിലൊളിപ്പിച്ച തേന്‍ ഞാന്‍ നുകര്‍ന്നതും

നിന്‍ മനസ്സിലെ സ്നേഹത്തിന്‍ ചക്ഷകം ഞാന്‍ കവര്‍ന്നതും.

ഓര്‍മ്മയില്‍ എന്നപോല്‍ എന്‍ മനസ്സില്‍ എതുന്നു.

എന്നിട്ടും നിന്നെ എനിക്കറിയില്ല നിന്‍ പേരിനിക്കറിയില്ല,
നീ ഏതപ്സര കന്യക.  
ഫ.......

വെട്ടി കളയുക നിങ്ങള്‍,

അവളുടെ സൌന്ദര്യത്തെ വര്‍ണ്ണിച്ചെഴുതിയ,
എന്റെ കൈ വിരലുകളെ.

കുത്തിക്കീറുക നിങ്ങള്‍,

കാമത്താല്‍ അവള്‍ക്ക് വേണ്ടി തുടിക്കുന്ന എന്റെ ഹൃദയത്തെ.

പിഴിതെടുക്കുക നിങ്ങള്‍, 

അവളുടെ നഗ്നമേനിയെ ആസ്വതിക്കുന്ന എന്റെ കണ്ണുകളെ.

എന്നിട്ട്,  

ശവപ്പെട്ടിയില്‍ പോലും,
കാമം കണ്ടെത്തുന്നവരുടെ ഇടയില്‍നിന്നും

നിങ്ങളവളെ നന്മയുടെ കൈലാസത്തില്‍  പ്രതിഷ്ടിക്കുക.

ശിഷ്ടജീവിതം ഒരു വെറി പിടിച്ച കൈയ്യും,
അവള്‍ക്കു നേരെ നീളാതിരിക്കട്ടെ.

ഒരുവേള, എന്നോട് ചെയ്ത പാപത്തിന്റെ പേരില്‍ സ്വര്‍ഗ്ഗകവാടത്തില്‍ വെച്ചു നിങ്ങള്‍ ചോദ്യം ചെയ്യപെട്ടാല്‍,

അവള്‍ ഉണ്ടാക്കും, അവളുടെ ഹൃദയത്തിലെ എല്ലാ നന്മകളും നല്ക്കി നിങ്ങള്‍ക്ക് വേണ്ടി അവരോട് സംസാരിക്കാന്‍.

2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

നിയോഗം..

മരണം ഉറക്കത്തില്‍ നിന്നും ഉണര്‍വ്വിലേക്കുള്ള ഒരു ചുവടവെപ്പ്
ലോകത്തിന്റെ നിയമങ്ങളില്‍ നിന്നും,
അതിര്‍വരമ്പുകളില്‍ നിന്നുമുള്ള രക്ഷപെടലാണത്.
മരണം ബന്ധിക്കപ്പെട്ട ജീവിതത്തില്‍ നിന്നും
സ്വാതന്ത്രത്തിന്റെ താഴവരയിലേക്കുള്ള ചവിട്ടുപടിയാണ്.
ജീവിതം മരണത്തിലേക്കുള്ള വഴിയും,
നാം ആ വഴിയിലെ കാല്‍ നടക്കാരും,
മരണം ആര്‍ക്കുമറിയാത്ത ജീവന്റെ രഹസ്യം,
നാം അത് കണ്ടുപിടിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ടവര്‍ മാത്രം.